Blogger പിന്തുണയോടെ.

2010, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

വരവായി റമദാന്‍...


പുണ്ണ്യങ്ങളായ് പുതു പൂനിലാവായിതാ
പരിമണം ചാര്‍ത്തുന്ന പുതു വസന്തം..
മണ്ണിലും വിണ്ണിലും പുതുമോടി ചാര്‍ത്തുവാന്‍
വന്നിതാ റമദാനിന്‍ പുണ്ണ്യകാലം...

ശുദ്ധമാം ജീവിത യാത്ര കൊതിക്കുന്ന
ശാശ്വത ലോകത്ത് വിജയം നിനയ്ക്കുന്ന
ദൃഢഗാത്ര വിശ്വാസം നെഞ്ചില്‍ സ്ഫുരിക്കുന്ന
മര്‍ത്യന്നനുഗ്രഹമായീ ദിനങ്ങള്‍..
ചേര്‍ന്നാഴ്ന്നു പുല്‍കി പിണഞ്ഞൊരാ പാപ-
ക്കറകളാല്‍ ഹീനമാം മാനുജ മാനസം,
ശുഭ്ര പ്രകാശപ്രഭാവമായേറ്റിടാന്‍
ആഗതമായിതാ പുതു വസന്തം...

നാം തീര്‍ത്ത മറകളെ ഭേദിച്ചു നമ്മളില്‍
പെയ്ത പലതുള്ളികള്‍ പെരുവെള്ളമായ് തീര്‍ന്നു
ത്രിത്തടത്തുളകളില്‍ നാം തീര്‍ത്ത പ്രതലത്തില്‍
പങ്കായമെത്ര ത്തുഴഞ്ഞു നമ്മള്‍...
കുമിളകളായ് വീര്‍ത്തു പൊട്ടിയുടഞ്ഞൊരു
ഗതകാല സ്മൃതികളില്‍ നാം നിപധിക്കവെ,
ഈറനണിഞ്ഞൊരീ കണ്ണുകളിലാനന്ദ-
അശ്രു പൊഴിക്കുവാനീ റമദാന്‍...

കര്‍മ്മത്തിനോരോന്നിനേകിടുമായിര-
മായിരം പുണ്ണ്യങ്ങളായ് നമ്മളില്‍
ഏറ്റം വിശുദ്ധനായ് തീരുവാന്‍ നിര്‍ദ്ധിഷ്ട
കര്‍മ്മങ്ങളോരോന്നു ചെയ്ക വേണം..
കര്‍മ്മത്തിന്‍ മര്‍മ്മവും അതിനുള്ള ധര്‍മ്മവും
ധവളമായ് നമ്മളില്‍ നില്‍ക്ക വേണം...
ഏറ്റം മഹത്വമാ-മീമാസ രാവുകള്‍
പ്രാര്‍ത്ഥനാ നിര്‍ഭരമായിടേണം..
മന്ത്രണമായ് നാവില്‍ ദൈവിക വാക്യങ്ങള്‍
നിര്‍മ്മലമാക്കിടും മാനസങ്ങള്‍..

പുണ്ണ്യങ്ങളായ് പുതു പൂനിലാവായിതാ
പരിമണം ചാര്‍ത്തുന്ന പുതു വസന്തം..
മണ്ണിലും വിണ്ണിലും പുതുമോടി ചാര്‍ത്തുവാന്‍
വന്നിതാ റമദാനിന്‍ പുണ്ണ്യകാലം...

Back to TOP